Wednesday, 8 April 2009


മൂലവിളയിലെ ഉമ്മായുടെ കടയിരുന്ന പുരയിടത്തിന്റെ നേരെ എതിരെ, മൂന്ന് റോഡുകളും കലുങ്ങും ചേരുന്നിടത്ത്, കൈത്തോടിന്റെ വരമ്പിനോട്ചേര്‍ന്നുള്ള മൂന്ന്മുറികടയായിരുന്നു എന്റെ നാട്ടിലെ പുതുമയും വ്രിത്തിയും ഉള്ള കടകളില്‍ ഒന്നാമത്തേത്. വൈകുന്നേരങ്ങളില്‍ അവിടെ ജനം മുച്ചീട്ട് കളിച്ചും, സ്വറപറഞ്ഞും, വാദുവച്ചും നേരമ്പോക്കി. ചിലര്‍ കടയുടെ വരാന്തയില്‍ വച്ച ടി വി യുടെ മുന്നില്‍ സീരിയലികളില്‍ മുഴുകി.

വലത്തെ അറ്റത്തെ മുറിയില്‍ ബാലക്രിഷ്ണന്‍ സാറിന്റെ സ്റ്റേഷണറി കടയും, നടുവിലത്തേതില്‍ അനിയേട്ടന്റെ ഇലക്ട്രിക്കല്‍ ഷാപ്പുമായിരുന്നു.

ഇടത്തെ അറ്റത്തെ വിശാലമായ മുറിയായിരുന്നു ആ നാട്ടിലെ ഏക എന്റെര്‍റ്റെയിന്മെന്റ് ഹാള്‍.

മുച്ചീട്ടുകളിക്കാരായ കാരണവന്മാരും, അല്പം പിണ്ടാരിഷ്ടമോ, ആന മയക്കിയോ അകത്തുചെന്നാല്‍ രാഷ്ടീയം തലയ്ക്കുപിടിക്കുന്ന ചെല്ലപ്പനും, അലിയാരും, ഫസലുദ്ദീനും, പിന്നെ റബ്ബര്‍പാലിന്റെയും വിയര്‍പ്പിന്റെയും രൂക്ഷ ഗന്ധം പേറുന്ന പലരും പലരും അവിടെ കൂടി.....



എന്റെര്‍റ്റെയിന്മെന്റ് ഹാളിനുതാഴെ ഒരു ഇടുങ്ങിയ മുറി മാത്രം ഒഴിഞ്ഞുകിടന്നു. നിറയെ മുട്ടത്തോടുകളും സര്‍ക്കാര്‍ മുദ്രപതിച്ച കുപ്പിയടപ്പുകളും ചിതറികിടന്നിരുന്ന ഒരു ഇടുക്കുമുറി. ഒരാള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ പൊലും ഉയരമില്ലാതെ, ഒരുവാതിലും, ഒരു ജനാ‍ലയും മാത്രമായി ഒരു ഗുഹ പോലെ, ഒരു എലിമാളം പോലെ ഒരുമുറി. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനായി ഒരു മുറി ചോദിച്ചപ്പോളാണ് ബാലക്രിഷ്ണന്‍ സാര്‍ അതിന്റെ വാതിലിനോടുചേര്‍ത്ത് ഒരു ചരിപ്പുകൂടി പണിത് തന്നത്.....

അവിടെ എന്റെ പ്രീയപ്പെട്ട സ്വപ്നം, ‘അധീ‍ന ട്യുഷന്‍ സെന്റര്‍’ പിറന്നു.....

[ഗോപനും, സിനുവും, ജിനു അണ്ണനും, പൂക്കിലി അണ്ണനും, സുബിനും പിന്നെ ഞാന്നുമായിരുന്നു സ്ധിരം

അധ്യാപകര്‍. കുട്ടികള്‍ ഞങ്ങളുടെ പേരിനോട് ‘അണ്ണന്‍’ എന്നുചേര്‍ത്തായിരുന്നു വിളിച്ചിരുന്നതു, എന്നെ ‘തമ്പിയണ്ണന്‍‘ എന്നും. കൂ‍ട്ടുകാര്‍ക്കു ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരിടം, ഒത്തുകൂടാനും പദം പറഞ്ഞിരിക്കാനും, ഒരുമിച്ചിരുന്നു മഴകാണാനും പ ി ക്കാനും ഒരിടം, അതുംകൂടിയായിരുന്നു ഞങ്ങള്‍ക്ക് ആ ഇടുക്കുമുറി.കൈതോട് കൂടാതെ അരികിലൂടെ ഒരു ചാലും ഒഴുകിയിരുന്നു. അതില്‍ രണ്ട് വലിയ പരല്‍മീനുകള്‍ പാര്‍ത്തു. ചന്ദ്രന്‍ ചേട്ടന്റെ മീന്‍ കുളത്തില്‍ നിന്നും രക്ഷപെട്ടുപോന്നവരായിരുന്നു അവര്‍. കിളിഞ്ഞയും, നീതുവും (കുട്ടികള്‍) അവരെ പേരിട്ട് വിളിച്ചിരുന്നു...... പേര് ഞാന്‍ മറന്നു.]



വരാന്തയില്‍ നിരത്തിയിട്ട മൂ‍ന്നുവരി ബഞ്ചും ഡസ്കും,

മുന്നിലത്തെ ഡെസ്കിന്റെ വലത്തേ മൂ‍ലയില്‍ ഞാന്‍ ഇരിക്കുന്നു...

‘എക്സ്’ അക്ഷവും ‘വൈ’ അക്ഷവും വരച്ച് ഞാന്‍ അക്കങ്ങളും ക്രമജോഡികളും അടയാളപ്പെടുത്തുമ്പോള്‍ കണ്ണ് മിഴിച്ച് നോക്കിയിരിക്കുന്ന പാവം കുട്ടികള്‍......

പിന്നെ... തല്ലും വഴക്കും ഇറങ്ങിപ്പോക്കും.......


രതീഷിന്റെ കണങ്കാലില്‍ ഗോപന്റെ ചൂരല്‍ വരഞ്ഞ പാടുകളും, അതിന്റെ പേരില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയതും.....

ഹോ..... ഓര്‍ക്കുമ്പോള്‍ തമാശതോനുന്ന എത്ര എത്ര അനുഭവങ്ങള്‍......


എങ്കിലും എന്റെ പ്രീയപ്പെട്ട കുട്ടികളേ....

ഞാന്‍ എന്റെ ഹ്രിദയത്തില്‍ നിങ്ങളെ സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നു......



കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ആധീന ട്യുഷന്‍ സെന്റര്‍ മധുവേട്ടന്റെ കളീലിലേക്കു മാറ്റുകയായിരുന്നു.

കുട്ടികള്‍ കൂടുതലായപ്പോള്‍ ദീപയും, ബിന്ധു ചേച്ചിയും, സിന്ധു ടീച്ചറുമൊക്കെ അവിടെ പുതിയ അധ്യാപികമാരായി കടന്നുവന്നു


നിറയെ കടവാവലുകള്‍ കൂടുകൂട്ടിയിരുന്ന ഒരു വമ്പന്‍ പത്തായപുരയും അതിനുചുറ്റും എഴിയടിച്ച വരാന്തയുമായി, ദുര്‍മരണങ്ങളുടെ സ്മരണകളും പേറി ആ കളീല്‍ ഇപ്പോളും അവിടെ നില്‍ക്കുന്നു.

ആരും കയറാന്‍ ഇഷ്ടപ്പെടാത്ത പടികള്‍ കടന്നു ഞാനും എന്റെ കുട്ടികളും അവിടെ ചെന്നുകയറുകയായിരുന്നു.......

ആ ഓണക്കാലത്ത് ഗോപന്‍ എടുത്ത ഫോട്ടോകളില്‍ ഒന്നാണു മുകളില്‍ കൊടുത്തത്.


ആവര്‍ഷത്തെ വേനലവധിയോടെ ‘അധീന‘ അവസാനിച്ചു.

1 comment:

  1. വളരെ പിറകിലേക്ക് കൂട്ടി കൊണ്ട് പോയി ഈ വരികളും ഫോട്ടോയും..

    ആശംസകൾ

    ReplyDelete