Friday, 24 April 2009


ഒരു റെയില്‍ പാളം.....
അത് ഞാന്‍ കണ്ട് പരിചയിച്ചവയെപോലെ വളഞ്ഞുതിരിഞ്ഞതോ, തമിഴ് നാട്ടിലെയും ആന്ത്രയിലെയും പോലെ നീണ്ട് നിവര്‍ന്നു ദൂരേക്കു പോകുന്നതോ ആകട്ടെ,
ഒരിക്കലും കൂടിച്ചേരാനാവാത്ത രണ്ടുപേരുടെ വിധിയെ കുറിച്ചോ, സമയത്തിന്റെ ഒരു നിയമവും പാലിക്കാതെ,യാതൊരു ദയയുമില്ലാതെ ഞെരിച്ചുകൊണ്ടുപോകുന്ന തീവണ്ടികളെ കുറിച്ചോ, അല്ലെങ്കില്‍ ജീവന്‍ കൊണ്ട് നിവ്രിത്തികെട്ടവരുടെ ജീവനുകള്‍ പാളങ്ങളില്‍ വിശാല സ്വാതന്ത്ര്യം പ്രാപിക്കുന്നതിനെകുറിച്ചോ ഒരു കഥ , ചിലപ്പോള്‍ ചതഞ്ഞരഞ്ഞുപോകുന്ന ജീവപിണ്ടങ്ങളെകുറിച്ചോ, അപ്രതീക്ഷിതമായി പ്രതീക്ഷകള്‍ക്കും സ്വപ്നംങ്ങള്‍ക്കും മീതെകൂടി തീവണ്ടി കടന്നുപോകുമ്പോള്‍ അരഞ്ഞുതീരുന്ന ജീവിതങ്ങളെകുറിച്ചോ ഒന്ന്.... അല്ലാതെ മറ്റെന്ത് കഥയാണ് ഒരു റെയില്‍പാളത്തിനു പറയാനുണ്ടാവുക, അതും പറ്ഞ്ഞും, കേട്ടും വായിച്ചും പഴകിയ, മുഷിഞ്ഞ കഥകള്‍....

എങ്കിലും ഞാന്‍ ഇതുകൂടിപറയട്ടെ.....


സ്കൂളിലേക്കിറങ്ങാന്‍ വൈകിപ്പോയതിന്റെ വെപ്രാളത്തില്‍ പുസ്തകങ്ങളും നോട്ടുബുക്കുകളും നിറച്ച പ്ലാസ്റ്റിക് സഞ്ചി ചേര്‍ത്തുപിടിച്ച്, റെയില്‍ പാളത്തിലെ മരക്കട്ടകള്‍ ഓരോന്നും പിന്നിടുമ്പോള്‍ ഞാന്‍ ആരുടെയും കഥകള്‍ കേട്ടില്ല. അതു റെയില്‍ പാളമാണെന്നോ, അവിടെ ഓരോ മരക്കട്ടയെയും എന്റെ കാലുകള്‍ പിന്തള്ളുകയാണെന്നോപോലും ഞാന്‍ ചിന്തിച്ചിരുന്നില്ല.
വൈകൂന്നേരങ്ങള്‍.....
സ്കൂക്കൂളും ട്യൂഷനും കഴിഞ്ഞ് അസ്തമയത്തിന്റെ ശാന്തതയും ആലസ്യവും വീഴുമ്പോള്‍, ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങുമ്പോള്‍ മാത്രം ഞാന്‍ ആ സമാന്തരതയില്‍ അദ്ഭുതപ്പെട്ടു.
പാളങ്ങള്‍......
ഹൊ... എന്തൊരു വിധിയാണവരുടേത്....
ഒരിക്കലും കൈ കോര്‍ക്കാനാവാതെപോകുന്ന കൂട്ടുകാര്‍....
ചതഞ്ഞരയാന്‍ വേണ്ടിമാത്രം വിധിക്കപ്പെട്ടവര്‍.....


ലേണേഴ്സ് ട്യൂഷന്‍ സെന്ററില്‍നിന്നും പാളത്തിലേക്കു പത്ത് ചുവടുകള്‍ തികച്ചില്ല.
വൈകുന്നേരങ്ങളില്‍ ഞാന്‍ ഇറങ്ങി എണ്ണിത്തുടങ്ങും.... ഒന്ന്, രണ്ട്, മൂന്ന്....... ഓരോ മരക്കട്ടയും പിന്നിടുമ്പോള്‍ പാളത്തിന്റെ കഥ ഞാന്‍ ഓര്‍ക്കും, ഭൂമികുലിക്കി തീവണ്ടി വരുമ്പോള്‍ കുതിച്ചോടുന്ന കാട്ട്മുയലുകളെ കാണും, വെപ്രാളത്തില്‍ പാളം മുറിക്കുമ്പോള്‍ ഉരുക്കുചക്രങ്ങള്‍ക്കിടയില്‍ മുറിഞ്ഞുപൊകുന്ന തടിയന്‍ ചേരകള്‍.....

നൂറ്, നൂറ്റിഒന്ന്, നൂറ്റിരണ്ട്.............
എത്ര മരക്കട്ടകള്‍ പിന്നിടണമായിരുന്നു എനിക്ക് വീട്ടിലെത്താന്‍.... ആയിരത്തി ചില്വാനമോ, അതോ രണ്ടായിരത്തിലും അധികമോ, എത്രയാണ്??? ഞാന്‍ മറന്നിരിക്കുന്നു... ഒരായിരം തവണ ഞാന്‍ എണ്ണിതിട്ടപ്പെടുത്തിയതാണ്, എന്നിട്ടും ഞാന്‍ മരന്നിരിക്കുന്നു....
മറവി....

എന്റെ ഓര്‍മകള്‍ പോലെ ഞാന്‍ ചവിട്ടിയ മരക്കട്ടകളും ജീര്‍ണിച്ച്പോയിരിക്കും, പക്ഷെ എന്റെ പെരുവിരലുകളെ നോവിച്ച കരിങ്കല്‍ കഷ്ണങ്ങള്‍ ഇന്നും അവിടെ കാണും, ഉറപ്പ്... (ക്രൂരന്മാര്‍ പെട്ടന്ന് നശിക്കില്ലല്ലോ)


പുസ്തകങ്ങള്‍ ചേര്‍ത്തുപിടിച്ച് മരക്കട്ടകള്‍ എണ്ണിയെണ്ണി എനിക്കു ഇനിയും നടക്കണം, പാളങ്ങള്‍ക്കിടയിലൂടെ,അങ്ങേഅറ്റംവരെ...
പക്ഷെ എനിക്കറിയാം അവിടെയും ആ കൂട്ടുകാര്‍ കൈകോര്‍ക്കില്ല.... അവര്‍ക്കു കൂടിച്ചേരാന്‍ എന്റെ ശരീരം അവര്‍ക്കു കുറുകെ കിടക്കണം, അല്ലെങ്കില്‍ മറ്റൊരു ശരീരം.....


സമാന്തരങ്ങള്‍ - ഒരിക്കലും കൂടിച്ചേരാത്ത നിലനില്‍പ്പാണത്, ശൂന്യതയ്ക്കു തുല്യമാണത്.......
ഞാന്‍ എന്നും സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യാറുള്ളത് മുകളിലെ ചിത്രത്തില്‍ കാണുന്ന പാളത്തിലൂടെ ആയിരുന്നു...

Wednesday, 8 April 2009


മൂലവിളയിലെ ഉമ്മായുടെ കടയിരുന്ന പുരയിടത്തിന്റെ നേരെ എതിരെ, മൂന്ന് റോഡുകളും കലുങ്ങും ചേരുന്നിടത്ത്, കൈത്തോടിന്റെ വരമ്പിനോട്ചേര്‍ന്നുള്ള മൂന്ന്മുറികടയായിരുന്നു എന്റെ നാട്ടിലെ പുതുമയും വ്രിത്തിയും ഉള്ള കടകളില്‍ ഒന്നാമത്തേത്. വൈകുന്നേരങ്ങളില്‍ അവിടെ ജനം മുച്ചീട്ട് കളിച്ചും, സ്വറപറഞ്ഞും, വാദുവച്ചും നേരമ്പോക്കി. ചിലര്‍ കടയുടെ വരാന്തയില്‍ വച്ച ടി വി യുടെ മുന്നില്‍ സീരിയലികളില്‍ മുഴുകി.

വലത്തെ അറ്റത്തെ മുറിയില്‍ ബാലക്രിഷ്ണന്‍ സാറിന്റെ സ്റ്റേഷണറി കടയും, നടുവിലത്തേതില്‍ അനിയേട്ടന്റെ ഇലക്ട്രിക്കല്‍ ഷാപ്പുമായിരുന്നു.

ഇടത്തെ അറ്റത്തെ വിശാലമായ മുറിയായിരുന്നു ആ നാട്ടിലെ ഏക എന്റെര്‍റ്റെയിന്മെന്റ് ഹാള്‍.

മുച്ചീട്ടുകളിക്കാരായ കാരണവന്മാരും, അല്പം പിണ്ടാരിഷ്ടമോ, ആന മയക്കിയോ അകത്തുചെന്നാല്‍ രാഷ്ടീയം തലയ്ക്കുപിടിക്കുന്ന ചെല്ലപ്പനും, അലിയാരും, ഫസലുദ്ദീനും, പിന്നെ റബ്ബര്‍പാലിന്റെയും വിയര്‍പ്പിന്റെയും രൂക്ഷ ഗന്ധം പേറുന്ന പലരും പലരും അവിടെ കൂടി.....



എന്റെര്‍റ്റെയിന്മെന്റ് ഹാളിനുതാഴെ ഒരു ഇടുങ്ങിയ മുറി മാത്രം ഒഴിഞ്ഞുകിടന്നു. നിറയെ മുട്ടത്തോടുകളും സര്‍ക്കാര്‍ മുദ്രപതിച്ച കുപ്പിയടപ്പുകളും ചിതറികിടന്നിരുന്ന ഒരു ഇടുക്കുമുറി. ഒരാള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ പൊലും ഉയരമില്ലാതെ, ഒരുവാതിലും, ഒരു ജനാ‍ലയും മാത്രമായി ഒരു ഗുഹ പോലെ, ഒരു എലിമാളം പോലെ ഒരുമുറി. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനായി ഒരു മുറി ചോദിച്ചപ്പോളാണ് ബാലക്രിഷ്ണന്‍ സാര്‍ അതിന്റെ വാതിലിനോടുചേര്‍ത്ത് ഒരു ചരിപ്പുകൂടി പണിത് തന്നത്.....

അവിടെ എന്റെ പ്രീയപ്പെട്ട സ്വപ്നം, ‘അധീ‍ന ട്യുഷന്‍ സെന്റര്‍’ പിറന്നു.....

[ഗോപനും, സിനുവും, ജിനു അണ്ണനും, പൂക്കിലി അണ്ണനും, സുബിനും പിന്നെ ഞാന്നുമായിരുന്നു സ്ധിരം

അധ്യാപകര്‍. കുട്ടികള്‍ ഞങ്ങളുടെ പേരിനോട് ‘അണ്ണന്‍’ എന്നുചേര്‍ത്തായിരുന്നു വിളിച്ചിരുന്നതു, എന്നെ ‘തമ്പിയണ്ണന്‍‘ എന്നും. കൂ‍ട്ടുകാര്‍ക്കു ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരിടം, ഒത്തുകൂടാനും പദം പറഞ്ഞിരിക്കാനും, ഒരുമിച്ചിരുന്നു മഴകാണാനും പ ി ക്കാനും ഒരിടം, അതുംകൂടിയായിരുന്നു ഞങ്ങള്‍ക്ക് ആ ഇടുക്കുമുറി.കൈതോട് കൂടാതെ അരികിലൂടെ ഒരു ചാലും ഒഴുകിയിരുന്നു. അതില്‍ രണ്ട് വലിയ പരല്‍മീനുകള്‍ പാര്‍ത്തു. ചന്ദ്രന്‍ ചേട്ടന്റെ മീന്‍ കുളത്തില്‍ നിന്നും രക്ഷപെട്ടുപോന്നവരായിരുന്നു അവര്‍. കിളിഞ്ഞയും, നീതുവും (കുട്ടികള്‍) അവരെ പേരിട്ട് വിളിച്ചിരുന്നു...... പേര് ഞാന്‍ മറന്നു.]



വരാന്തയില്‍ നിരത്തിയിട്ട മൂ‍ന്നുവരി ബഞ്ചും ഡസ്കും,

മുന്നിലത്തെ ഡെസ്കിന്റെ വലത്തേ മൂ‍ലയില്‍ ഞാന്‍ ഇരിക്കുന്നു...

‘എക്സ്’ അക്ഷവും ‘വൈ’ അക്ഷവും വരച്ച് ഞാന്‍ അക്കങ്ങളും ക്രമജോഡികളും അടയാളപ്പെടുത്തുമ്പോള്‍ കണ്ണ് മിഴിച്ച് നോക്കിയിരിക്കുന്ന പാവം കുട്ടികള്‍......

പിന്നെ... തല്ലും വഴക്കും ഇറങ്ങിപ്പോക്കും.......


രതീഷിന്റെ കണങ്കാലില്‍ ഗോപന്റെ ചൂരല്‍ വരഞ്ഞ പാടുകളും, അതിന്റെ പേരില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയതും.....

ഹോ..... ഓര്‍ക്കുമ്പോള്‍ തമാശതോനുന്ന എത്ര എത്ര അനുഭവങ്ങള്‍......


എങ്കിലും എന്റെ പ്രീയപ്പെട്ട കുട്ടികളേ....

ഞാന്‍ എന്റെ ഹ്രിദയത്തില്‍ നിങ്ങളെ സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നു......



കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ആധീന ട്യുഷന്‍ സെന്റര്‍ മധുവേട്ടന്റെ കളീലിലേക്കു മാറ്റുകയായിരുന്നു.

കുട്ടികള്‍ കൂടുതലായപ്പോള്‍ ദീപയും, ബിന്ധു ചേച്ചിയും, സിന്ധു ടീച്ചറുമൊക്കെ അവിടെ പുതിയ അധ്യാപികമാരായി കടന്നുവന്നു


നിറയെ കടവാവലുകള്‍ കൂടുകൂട്ടിയിരുന്ന ഒരു വമ്പന്‍ പത്തായപുരയും അതിനുചുറ്റും എഴിയടിച്ച വരാന്തയുമായി, ദുര്‍മരണങ്ങളുടെ സ്മരണകളും പേറി ആ കളീല്‍ ഇപ്പോളും അവിടെ നില്‍ക്കുന്നു.

ആരും കയറാന്‍ ഇഷ്ടപ്പെടാത്ത പടികള്‍ കടന്നു ഞാനും എന്റെ കുട്ടികളും അവിടെ ചെന്നുകയറുകയായിരുന്നു.......

ആ ഓണക്കാലത്ത് ഗോപന്‍ എടുത്ത ഫോട്ടോകളില്‍ ഒന്നാണു മുകളില്‍ കൊടുത്തത്.


ആവര്‍ഷത്തെ വേനലവധിയോടെ ‘അധീന‘ അവസാനിച്ചു.

Sunday, 5 April 2009


മഴയുള്ള വൈകുന്നേരങ്ങളില്‍ പലപ്പോളും ഞങ്ങള്‍ ഒരുമിച്ച് കൂടാന്‍ ആഗ്രഹിച്ചു,

മനോജ് അണ്ണന്റെ വീട്ടില്‍ ആദ്യമെത്തുന്നവര്‍ മറ്റുള്ളവരെ പ്രതീക്ഷിചിരുന്നു.....

എല്ലാവരും വന്നുചേരുമ്പോള്‍ കൈത്തോടിനു കുറുകെയുള്ള പാലത്തില്‍ നിന്നു ഒന്നോരണ്ടോ പറയും, പിന്നെ പിരിയും.... വെറുതെ ഒന്നു കാണുവാന്‍ മാത്രം ഒരു ഒത്തുകൂടല്‍.......
മഴചാരുന്ന ഒരു വൈകുന്നേരത്ത് സുബിനും, മനുവും കൂട്ടുകാരെ കാത്ത് നില്‍ക്കുന്നു........

Thursday, 2 April 2009



മനസ്സില്‍ എന്നും കാത്തുസൂക്ഷിക്കാന്‍ കിട്ടിയ അപൂ‍ര്‍വ സൌഹ്രിദങ്ങളില്‍ ഒന്നാണ്
പ്രീയപ്പെട്ട മനോജ് സാര്‍.
കൂടെയുള്ളവരുടെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാന്‍ കഴിയുന്ന വളരെ
കുറച്ച് പേരെയെ ഞാന്‍ കണ്ടിട്ടുള്ളു.
തന്റെ ഊര്‍ജ്ജം അദ്ദേഹം കൂട്ടുകാരിലേക്കു നിരന്തരം പകര്‍ന്നുകൊണ്ടിരുന്നു.



‘വെസ്റ്റു പേള്‍സി’ന്റെ (ഞങ്ങളുടെ ടീമിന്റെ പേര് അങ്ങനെയായിരുന്നു) മാത്രമല്ല,
ജീവിതത്തില്‍ ഉടനീളം മനോജ് സാര്‍ എനിക്കു ക്യാപ്തന്‍തന്നെയാണ്.
എന്റെ ബാല്യകാല സ്വപ്നങ്ങള്‍ പാടവരമ്പുകളില്‍ തുടങ്ങുന്നു....
തെളിഞ്ഞ ആകാശത്തിലേക്കു അകലേനിന്നും ഒഴുകിവരുന്നവെള്ളിമേഘങ്ങളെ ലക്ഷ്യമാക്കിപ്പോകാറുള്ള എന്റെ പട്ടങ്ങള്‍...
ചുവപ്പും നീലയും നിറങ്ങള്‍ചേര്‍ത്ത കടലാസുകള്‍ കൊണ്ട് ഞാന്‍തീര്‍ത്ത എന്റെ പട്ടങ്ങള്‍...
ആകാശത്തിന്റെ അങ്ങേ അറ്റത്ത്, മാലാഖമാരുടെ ഉദ്യാനത്തില്‍ എന്റെ പട്ടം എത്തുമെന്നുഞാന്‍ വിശ്വസിച്ചു, മാലാഖമാര്‍ എന്നെ വിളിക്കുന്നതു കേള്‍ക്കാന്‍ ഞാന്‍ എന്റെ പട്ടങ്ങലുടെ നൂലില്‍ മുറുകെപിടിച്ചിരുന്നു.
നൂല്‍ പൊട്ടിപ്പോയ എന്റെ ഓരോപട്ടവും മാലാഖമാരുടെ ഉദ്യാ‍നത്തിലെ ഏതേ മരച്ചില്ലയില്‍വിശ്രമിക്കുന്നുണ്ടാകും......

ബാല്യത്തിന്റെ നന്മ അന്നത്തെ സൌഹ്രിദങ്ങളാണു...
കാലത്തിന്റെ കാറ്റ് നൂല്‍ പൊട്ടിച്ചവ, ഒരിക്കലും വേറിട്ടുപോകാത്തവ, ചിലത് ഒരിക്കലുംമറക്കാനാവാത്തവ..... അങ്ങനെ എത്രയെത്ര സൌഹ്രിദങ്ങള്‍......

ഇടവപ്പാതിയുടെ ഇടവേളകളില്‍...
മഴ പെയ്തുതോരുന്ന അപൂര്‍വ്വ സമയംഗളില്‍
ഞങ്ങള്‍ കൈത്തോടിന്റെ വരമ്പുകളിലൂടെ നടന്നു....
കലങ്ങി മറിഞ്ഞോഴുകുന്ന തോട്ടിലേക്കുനോക്കി
ഞാന്‍ വെറുതേ നടക്കും.
‘സുബിന്‍‘ ഇടയ്ക്കൊക്കെ കുണ്ടന്‍ തവളകള്‍ക്കുമേല്‍
ഉന്നം വയ്ക്കും.
‘മനു’ എപ്പോളും അങ്ങനെയാണ്, ആരും ചിരിക്കാത്ത തമാശയും പറഞ്ഞ്, കാലന്‍ കുടയൊക്കെ കുത്തി യോഗ്യനായി നടക്കും.


‘ജിനു‘അണ്ണന്‍ തന്റെ സ്വന്തം ലോകത്തുതന്നെയാകും അപ്പോഴും.
കല്പടവുകള്‍ക്കു താഴെചെന്നുനിന്ന് രണ്ട് ഞെട്ടയടിക്കുമ്പോളേക്കും
കൊച്ച് പൂക്കിലിയും, വല്യ പൂക്കിലി അണ്ണനും ഇറങ്ങി വരും.
കൈത്തോടിനു താഴെ തെങ്ങിന്‍ തടങ്ങളില്‍ നിന്നു സ്വറപറ്ഞ്ഞങ്ങനെനില്‍ക്കും....
ഇരുട്ട് കണ്ണ് മൂടുമ്പോള്‍, അല്ലെങ്കില്‍ അടുത്ത മഴയ്ക്കായ് ചാറിത്തുടങ്ങുമ്പോള്‍ മാത്രം ഞങ്ങള്‍
പിരിഞ്ഞു....